Thursday, August 16, 2007

ന്യൂട്ടന്‍ നീലകണ്ഠന് വഴിമാറുന്നു

ന്യൂട്ടന്‍ നീലകണ്ഠന് വഴിമാറുന്നു;
സംഖ്യാശ്രേണിക്ക് പുതിയ അവകാശികള്‍
മാധ്യമം: 2007 ആഗസ്റ്റ് 16

മലപ്പുറം: ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വം രൂപപ്പെടുത്തിയതിന്റെ ബഹുമതി ലോകോത്തര ശാസ്ത്രജ്ഞന്‍ ഐസക്ന്യൂട്ടന് നഷ്ടമാകുന്നു. ഈ സ്ഥാനമിനി 15ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തിരൂര്‍ തൃക്കണ്ടിയൂര്‍ ഇടമനയിലെ നീലകണ്ഠ സോമയാജിപ്പാടിന്.
ഗണിത ശാസ്ത്രത്തിലെ സംഖ്യാശ്രേണികള്‍ കണ്ടെത്തിയത് ന്യൂട്ടനും ലിബ്നിറ്റ്സും എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍, മലയാളികളായ തിരൂരിലെ നീലകണ്ഠനും കൊച്ചിയിലെ മാധവനും ന്യൂട്ടന് രണ്ടു നൂറ്റാണ്ടു മുമ്പുതന്നെ ഇക്കാര്യം കണ്ടെത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. മാഞ്ചസ്റ്റര്‍, എക്സിറ്റര്‍ സര്‍വകലാശാലകളുടെ ഗവേഷക സംഘമാണ് മലയാളികള്‍ക്ക് പോലുമറിയാത്ത സത്യം ലോകത്തോടു വിളിച്ചു പറഞ്ഞത്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണ വിവരങ്ങള്‍ പഠന സംഘം വെബ്സൈറ്റിലൂടെ കഴിഞ്ഞ ദിവസം പുറത്തു വിട്ടു.
മാഞ്ചസ്റ്ററിലെ സ്കൂള്‍ ഓഫ് എജുക്കേഷന്‍ റീഡര്‍ മലയാളിയായ ഡോ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, എക്സിറ്ററിലെ ടീച്ചിംഗ് ഫെല്ലോ ഡെന്നീസ് അല്‍മെയ്ഡ എന്നിവരാണ് ഗണിത ചരിത്രം മാറ്റിയെഴുതിയുന്ന ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. 'കാല്‍ക്കുലസി'ന്റെ അടിസ്ഥാനതത്ത്വമായ സംഖ്യാശ്രേണി (ഇന്‍ഫിനിറ്റ് സീരീസ്) ന്യൂട്ടനും ലിബ്നിറ്റ്സും കണ്ടെത്തുന്നതിന് രണ്ടു നൂറ്റാണ്ടു മുമ്പ് നീലകണ്ഠനും മാധവനും കണ്ടു പിടിച്ചിരുന്നു. കൂടാതെ 'പൈ' സീരീസ് എന്താണെന്ന് ആദ്യം വ്യക്തമാക്കിയതും 'പൈ'യുടെ വില നിര്‍ണയിച്ചതും ഈ മലയാളികളാണെന്ന് മാഞ്ചസ്റ്റര്‍^എക്സിറ്റര്‍ യൂനിവേഴ്സിറ്റികള്‍ സാക്ഷ്യപ്പെടുത്തുന്നു. അതായത് ന്യൂട്ടന്‍ സീരീസ്, ലിബ്നിറ്റ്സ് സീരീസ് എന്ന് പറയുന്നതു പോലെ നീലകണ്ഠ സീരീസ്, മാധവ സീരീസ് എന്ന് ഗണിത ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഇനി മാറ്റിപ്പറയേണ്ടി വരും.
കൊച്ചിയില്‍ ജനിച്ച മാധവന്റെ ഗണിത ശാസ്ത്ര രചനകള്‍ മിക്കതും നഷ്ടമായെങ്കിലും ജ്യോതി ശാസ്ത്ര രചനകള്‍ പലതും പിന്നീട് കണ്ടു കിട്ടിയിട്ടുണ്ട്.സൈന്‍, കോസ്, ടാന്‍ തുടങ്ങിയവക്ക് തുല്യമായ ഗണിത ശാസ്ത്ര ശ്രേണികള്‍ 15ാം നൂറ്റാണ്ടില്‍ തന്നെ മാധവന്‍ കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പ് ഇത് കണ്ടു പിടിക്കുന്നതിന്റെ 200 വര്‍ഷം മുമ്പായിരുന്നു ഇത്. കേരളത്തില്‍ അക്കാലത്ത് വന്ന ക്രിസ്തുമത പ്രചാരകര്‍ വഴി നീലകണ്ഠന്റെയും മാധവന്റെയും കണ്ടെത്തലുകള്‍ യൂറോപ്പില്‍ എത്തിയതായും ഗവേഷണം പറയുന്നു. മാധവന്റെ തുടര്‍ച്ചയെന്നോണം വന്ന നീലകണ്ഠന്റെ ഗണിത ശാസ്ത്ര രചനകളും കണ്ടെത്തപ്പെട്ടിട്ടുണ്ട്.
തിരൂര്‍ തൃക്കണ്ടിയൂരിലെ ഇടമന നമ്പൂതിരി കുടുംബത്തിലെ അംഗമാണ് കേളല്ലൂര്‍ സോമയാജിപ്പാട് എന്ന പേരില്‍ അറിയപ്പെടുന്ന നീലകണ്ഠന്‍ സോമയാജിപ്പാട്. പഴയ തൃക്കണ്ടിയൂര്‍ വില്ലേജിലെ ഇടമനയുടെ ഭാഗമാണ് ഇപ്പോള്‍ തിരൂരിലുള്ള കോട്ട് ഇല്ലത്തപ്പാടം. ഇവിടെ ഇടമനക്കാര്‍ക്കുണ്ടായിരുന്ന ക്ഷേത്രമാണ് പിന്നീട് തൃക്കണ്ടിയൂര്‍ ക്ഷേത്രത്തിന് തെക്കുഭാഗത്തേക്ക് മാറ്റിയ ചെന്തല വിഷ്ണുക്ഷേത്രം. തിരൂര്‍ പോലിസ് ലൈനില്‍ ഇടമന കോമ്പൌണ്ട് എന്നറിയപ്പെടുന്നത് ഇടമനക്കാര്‍ മാറി താമസിച്ച ഇടമാണ്. ഇടമനക്കാര്‍ക്ക് തൃപ്രങ്ങോട്ടെ കൈനിക്കര നമ്പൂതിരിമാരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. 1444 ജൂണ്‍ 14ന് തൃക്കണ്ടിയൂരില്‍ ജനിച്ച നീലകണ്ഠ സോമയാജിപ്പാട് 1544ല്‍ നൂറാം വയസ്സിലാണ് മരിക്കുന്നത്.
ഗുരുവായൂര്‍ ദേവസ്വം പ്രസിദ്ധീകരിച്ച കെ.പി. നാരായണപ്പിഷാരടിയടക്കമുള്ള ചരിത്ര പണ്ഡിതര്‍ തയാറാക്കിയ 'പൂന്താന സര്‍വസ്വ'ത്തില്‍ നീലകണ്ഠ സോമയാജിപ്പാടിന്റെ സംഭാവന എടുത്തുപറഞ്ഞിട്ടുണ്ട്. 16^ാം നൂറ്റാണ്ടില്‍ ജീവിച്ച തുഞ്ചത്തെഴുത്തച്ഛന്‍ രചിച്ച 'മഹാഭാരതം' കൃതിയില്‍ നീലകണ്ഠനെ സ്മരിക്കുന്നുണ്ട്.
ആര്യഭടീയത്തിന്റെ വ്യാഖ്യാനത്തില്‍ താന്‍ ദര്‍ശിച്ച രണ്ടു ഗ്രഹണങ്ങളെക്കുറിച്ച് പറയുന്ന നീലകണ്ഠന്‍, 'ഗ്രഹനിര്‍ണയ' എന്ന കൃതിയും രചിച്ചിട്ടുണ്ട്. 31 സംസ്കൃത ശ്ലോകങ്ങളിലെഴുതിയ 'ചന്ദ്രഛായഗണിത'വും 32 സംസ്കൃത ശ്ലോകങ്ങളിലെഴുതിയ 'സിദ്ധാന്ത ദര്‍പ്പണ'വും നീലകണ്ഠന്റെ രചനകളാണ്.